ഭ ദ്രകാളി ശിവനിൽ നിന്നും രൂപം കൊണ്ടത് ദാരുകനെന്ന അസുരനെ നിഗ്രഹിക്കുവാനാണ്. ദാരുകനിഗ്രഹത്തിനു ശേഷം ഭദ്രകാളി ശിവസന്നിധിയിലെത്തി. ശിവൻ ഭദ്രകാളിയെ ഇപ്രകാരം അനുഗ്രഹിച്ചു. സമസ്ത ലോകരുടെയും മൃഗീയവാസനകളെ ബലിയായി സ്വീകരിച്ച് ഭദ്രം ദാനം ചെയ്യുന്ന നിന്നെ ഭദ്രകാളി എന്നു വിളിക്കും. നിന്നെ പൂജിക്കന്നവർക്ക് മംഗളം ഭവിക്കും. ഭൂതപ്രേതാദികൾ നിന്‍റെ നാമം കേൾക്കുമ്പോൾ ഓടിപ്പോകും. അങ്ങനെ ദേവി ലോകനന്മയ്ക്കായി ഭൂമിയിെല വിവിധ സ്ഥലങ്ങളിലെത്തി. അവ കാളീക്ഷേത്രങ്ങളായി. അതിലൊന്നാണ് ഈ ക്ഷേത്രവും.
ശ്രീ ഭദ്രകാളി ദാരുകനിഗ്രഹത്തിനു ശേഷം ശിവന്‍റെ താൽപര്യത്തിൽ ഒരു പെൺകുഞ്ഞായി ജന്മമെടുത്തു. ആ കുട്ടിയെ വളർത്തിയത് തെക്കൻ കൊല്ലത്തെ നാരായണർ ആയിരുന്നു. ദേവിയുടെ സാന്നിദ്ധ്യം കൊല്ലത്തിന്‍റെ സമ്പത്തും ഐശ്വര്യവും വർദ്ധിപ്പിച്ചു. വടക്കൻ കൊല്ലത്തെ (കോഴിക്കോട്) പാലകൻ ദേവിയെ വിവാഹം ചെയ്തു. വ്യാപാരത്തിനായി പാലകൻ പാണ്ഡ്യൻ നാട്ടിലെത്തി. അവിടെ പാണ്ഡ്യരാജാവ് തന്‍റെ ഭാര്യയുടെ ചിലമ്പ് പാലകൻ മോഷ്ടിച്ചുവെന്ന് വരുത്തിത്തീർത്തു. അങ്ങനെ മോഷണക്കുറ്റം ചുമത്തി നിരപരാധിയായ പാലകനെ വധിച്ചു. തന്‍റെ ഭർത്താവിനെ കൊന്നതിന് പ്രതികാരമായി രാജാവിനെയും രാജ്യത്തെയും ദേവി നശിപ്പിക്കുന്നു.
തുടർന്നുണ്ടായ ഭക്തിനിർഭരമായ സംഭവങ്ങൾക്കു ശേഷം അവസാനം കൊടുങ്ങല്ലൂരിൽ കുടിയിരുന്ന് ദേവിയുടെ അവതാരം പൂർത്തിയാക്കി. ഭക്തനും രാജസേവകനുമായ ഒരു കാരണവർ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ പോയി ഭജനയിരുന്ന് ദേവിയെ പ്രത്യക്ഷപ്പെടുത്തി ആനയിച്ച് മണ്ണുകൂട്ടി പീഠമുണ്ടാക്കി പച്ചക്കൊട്ടിൽ കെട്ടി അതിൽ കൊടുങ്ങല്ലൂർ ഭദ്രകാളിയെ കുടിയിരുത്തി ആദരിച്ചു. ആണ്ടുകാലങ്ങളിൽ ദേവിയെ ആനയിച്ച് കൊണ്ടുവന്ന് പച്ചക്കൊട്ടിൽ കെട്ടി തോറ്റം പാട്ടും വട്ടിപ്പടുക്കയും നൽകി കുരുതിപൂജയും നടത്തി വരുന്നു. അങ്ങനെ കൊടുങ്ങല്ലൂരമ്മയുടെ ചൈതന്യം കുടികൊളളുന്ന കൂനമ്പായിക്കുളം ക്ഷേത്രം വിശാലമായ മണൽപരപ്പിൽ നാടിന് ഐശ്വര്യവും ശാന്തിയും നൽകി നിലകൊള്ളുന്നു.
“കൂനമ്പായിക്കുളം പദോൽപത്തി”.
കൂനമ്പായിക്കുളത്തെ ദേവീസാന്നിദ്ധ്യത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. ചേരൻമാരുടെ യുദ്ധദേവതയായിരുന്ന കൊറ്റവൈയുടെ മേൽക്കൂരയില്ലാത്ത ക്ഷേത്രമായിരുന്നു ഇവിടം. പിന്നീടുണ്ടായ തകർച്ചയ്ക്കും ആക്രമണങ്ങൾക്കും ശേഷം ഇത് പനങ്കാവ് ക്ഷേത്രം എന്നറിയപ്പെട്ടു. വേണാട്ടു രാജാക്കൻമാരുടെ പരദേവതയായിരുന്നു പനങ്കാവമ്മ. അന്ന് കൊല്ലം പട്ടണത്തിന്‍റെ ഒരു ദിവസം തുടങ്ങുന്നത് പനങ്കാവിലമ്മയെ തൊഴുതുകൊണ്ടാണ്. ക്ഷേത്രത്തിനു ചുറ്റുമായി പനങ്കാവ് കോട്ടയും കൊട്ടാരവും കടലിനാൽ ചുറ്റപ്പെട്ടുണ്ടായിരുന്നു. എ.ഡി.1681ലെ ഡച്ചാക്രമണത്തോടെ ഈ ക്ഷേത്രവും തകർന്നു പോയി. എങ്ങനെയോ കടലിന്‍റെ ഭാഗവും വറ്റിമാറി. വർഷങ്ങൾക്കുശേഷം ഈ പ്രദേശത്ത് ഭദ്രകാളിയുടെ ഒരു കാവ് നിർമ്മിക്കപ്പെട്ടു. അന്ന് കാവിനു മുമ്പിൽ വിശാലമായ ഒരു കുളമുണ്ടായിരുന്നു. കൂരമ്പ എന്നു അറിയപ്പെട്ടിരുന്ന ഭദ്രകാളിയുടെ ഈ കാവ് അങ്ങനെ കൂരമ്പക്കാവ്കുളം എന്ന് വിളിക്കപ്പെട്ടു. കാലാന്തരത്തിൽ കൂരമ്പക്കാവ് കുളം എന്നത് കൂനമ്പക്കാവ് കുളം എന്നും പിന്നീട് കൂനമ്പായിക്കുളം ആയി മാറി എന്നും കരുതുന്നു. കൊല്ലത്തെ കൂനമ്പായിക്കുളവും കൊടുങ്ങല്ലൂരിലെ ഭഗവതി ക്ഷേത്രവും കോഴിക്കോട്ടെ പിഷാരിക്കാവും പണികഴിക്കപ്പെട്ടത് ഏതാണ്ട് ഒരേ കാലത്താണ്. കേരളത്തിന്‍റെ സാംസ്കാരിക ചരിത്രത്തിൽ ഈ മൂന്ന് ക്ഷേത്രങ്ങൾക്കും പ്രധാന സ്ഥാനമാണുള്ളത്. ഈ മൂന്ന് ക്ഷേത്രങ്ങളും തുല്യ അകലത്തിൽ സ്ഥിതി ചെയ്യുന്നു. ഇവയ്ക്ക് കടലുമായുള്ള അകലവും തുല്യം തന്നെ.
“കൊല്ലവും കൊല്ലവർഷവും”.
കൊല്ലത്തിന്‍റെ ചരിത്രമുറങ്ങുന്ന മണ്ണാണിത്. എ.ഡി.825ലാണ് കൊല്ലവർഷം ആരംഭിച്ചത്. അക്കാലത്ത് കൊല്ലം നഗരത്തിന് അടിക്കടി ഉണ്ടാകുമായിരുന്ന ആക്രമണങ്ങളും പ്രകൃതിക്ഷോഭങ്ങളും പരിഹരിക്കുന്നതിനായി കുലശേഖരരാജാവിന്‍റെ സാന്നിദ്ധ്യത്തിൽ ചൈനയിലെയും ലങ്കയിലെയും ഭരണകൂടപ്രതിനിധികളെയും രാജാക്കൻമാരെയും പങ്കെടുപ്പിച്ച് ഒരു മഹാജ്യോതിഷ സമ്മേളനം കൊല്ലത്തു പനങ്കാവിൽ വച്ച് നടന്നു. ആ സമ്മേളനത്തിൽ വച്ച് ദേവീകോപത്തിനു പരിഹാരമായി പനങ്കാവിനു സമീപം ഒരു ശിവക്ഷേത്രം നിർമ്മിക്കാൻ തീരുമാനമായി.
അങ്ങനെ ക്ഷേത്രനിർമ്മാണം തുടങ്ങിയ എ.ഡി.825 ചൈത്രമാസം ഒന്നാം തീയതിയിൽ ഒരു പുതുവർഷം ആരംഭിക്കുവാൻ തീരുമാനമായി. അങ്ങനെ കൊല്ലം പട്ടണത്തിൽ തുടങ്ങിയ പുതുവർഷം കൊല്ലവർഷമായി. എല്ലാ വർഷവും മേടം ഒന്നാം തീയതി സൂര്യൻ പനങ്കാവിന് അഥവാ കൂനമ്പായിക്കുളത്തിന് നേർ മുകളിലായി 90° കോണളവിൽ എത്തുന്നത് ഇതു ശരിവയ്ക്കുന്നു. കാലത്തെ അതീജീവിച്ച് മാലോകർക്ക് മംഗളം ചൊരിഞ്ഞ് കൂനമ്പായിക്കുളം ക്ഷേത്രം നിലനിൽക്കുന്നു.