ഞങ്ങളെ കുറിച്ച്

ക്ഷേത്രത്തിൽ ഇന്ന്

സാധാരണ ദിവസങ്ങളിൽ പുലർച്ചെ 4.30 ന് മഹാദേവൻറെ നടതുറക്കും. ഉച്ചപ്പൂജയ്ക്കുശേഷം 11 മണിക്ക് നടയടക്കും വൈകുന്നേരം 5 മണിക്ക് നടതുറന്ന് അത്താഴപൂജയ്ക്കുശേഷം 7.30 ന് നട അടയ്ക്കും

 

പൂജാ സമയം

സാധാരണ ദിവസങ്ങളിൽ പുലർച്ചെ 4.30 ന് മഹാദേവൻറെ നടതുറക്കും. ഉച്ചപ്പൂജയ്ക്കുശേഷം 11 മണിക്ക് നടയടക്കും വൈകുന്നേരം 5 മണിക്ക് നടതുറന്ന് അത്താഴപൂജയ്ക്കുശേഷം 7.30 ന് നട അടയ്ക്കും

 

ഞങ്ങളെ കുറിച്ച്

ഉള്ളടക്കം

ദക്ഷിണകേരളത്തിലെ അറിയപ്പെടുന്നതും ചരിത്രപ്രാധാന്യമുള്ളതുമായ ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ വലിയ കൂനമ്പായിക്കുളം ഭദ്രകാളിക്ഷേത്രം. കൊല്ലം പട്ടണത്തിൻറെ വളർച്ചയിൽ സാക്ഷിയായി ഈ ക്ഷേത്രമുണ്ടായിരുന്നു,പല രൂപങ്ങളിൽ പല പേരുകളിൽ... കൊല്ലം ജില്ലയിലെ പള്ളിമുക്കിൽ നിന്ന് ഒരു കി.മീ. വടക്കുകിഴക്കായി വടക്കേവിളയിൽ വടക്കോട്ട് ദർശനമായി ക്ഷേത്രം സ്ഥിതിചെയ്യുന്നു.തിരുവനന്തപുരത്തുനിന്ന് ഏതാണ്ട് 65 കി.മീ. അകലെയാണ് ഈ ക്ഷേത്രം. തച്ചുശാസ്ത്ര വിധി പ്രകാരം കൃഷ്ണശിലയിൽ പണിതീർത്തതും മേൽക്കൂരയില്ലാത്തതുമായ ശ്രീകോവിൽ 16-04-2000 ൽ പഞ്ചലോഹനിർമ്മിതമായ പ്രതിഷ്ഠ നടത്തി പുനഃനിർമ്മിക്കപ്പെട്ടു.ഇവിടെ ദേവിയോടൊപ്പം മഹാഗണപതിയും ബ്രഹ്മരക്ഷസ്സും യോഗീശ്വരനും കണ്ഠാകർണ്ണനും വീരഭദ്രനും പിന്നെ യക്ഷിയമ്മയും കുടികൊള്ളുന്നു.നാഗരാജാവും നാഗയക്ഷിയും രാഹുദോഷങ്ങളെ മാററിയും മംഗല്യതടസ്സങ്ങൾ നീക്കിയും വാണരുളുന്നു.ആൽമരങ്ങളും പനകളും ആറാട്ടുകുളവും വിദ്യാലയങ്ങളുമെല്ലാം ക്ഷേത്രത്തിൻറെ ആത്മീയാന്തരീക്ഷത്തെ സമ്പന്നമാക്കുന്നു. ശ്രീ നാരായണഗുരുവിൻറെ ചൈതന്യമുള്ള ഗുരുമന്ദിരവും ഇവിടെയുണ്ട്. ക്ഷേത്രത്തിലെ ഒരു പ്രധാന പൂജയാണ് എല്ലാ ചൊവ്വാഴ്ചയും രാവിലെ 9.30ന് നടത്തുന്ന കാര്യസിദ്ധി പൂജ.തുടർച്ചയായി 21ആഴ്ച മുടങ്ങാതെ വ്രതശുദ്ധിയോടെ പൂജ നടത്തിയാൽ ഏതാഗ്രഹവും സാധിക്കുമെന്നാണ് വിശ്വാസം. കൂനമ്പായിക്കുളം ക്ഷേത്രത്തിൽ ആറാട്ടു മഹോത്സവം കുംഭമാസത്തിലെ ഭരണി നാളിലാണ്.ഭരണിക്ക് പത്ത് നാൾ മുമ്പെ കൊടിയേറി തോറ്റം പാട്ട് നടത്തുന്നു.പറയ്ക്കെഴുന്നള്ളത്ത്,പള്ളിവേട്ട എന്നിവയും കൊടിയേറിയശേഷം ആദ്യ വെള്ളിയാഴ്ച പുതുമണ്കലങ്ങളിൽ ഭക്തർ സമർപ്പിക്കുന്ന ചന്ദ്രപ്പൊങ്കലും പ്രധാന ചടങ്ങുകളാണ്.ഉത്സവകാലത്ത് സമർപ്പിക്കുന്ന വട്ടിപ്പടുക്ക ദേവിക്ക് ഇഷ്ടവഴിപാടാണ്.

 

കൊല്ലവും കൊല്ലവർഷവും

കൊല്ലത്തിൻറെ ചരിത്രമുറങ്ങുന്ന മണ്ണാണിത്.എ.ഡി.825ലാണ് കൊല്ലവർഷം ആരംഭിച്ചത്.അക്കാലത്ത് കൊല്ലം നഗരത്തിന് അടിക്കടി ഉണ്ടാകുമായിരുന്ന ആക്രമണങ്ങളും പ്രകൃതിക്ഷോഭങ്ങളും പരിഹരിക്കുന്നതിനായി കുലശേഖരരാജാവിൻറെ സാന്നിദ്ധ്യത്തിൽ ചൈനയിലെയും ലങ്കയിലെയും ഭരണകൂടപ്രതിനിധികളെയും രാജാക്കൻമാരെയും പങ്കെുപ്പിച്ച് ഒരു മഹാജ്യോതിഷ സമ്മേളനം കൊല്ലത്തു പനങ്കാവിൽ വച്ച് നടന്നു. ആ സമ്മേളനത്തിൽ വച്ച് ദേവീകോപത്തിനു പരിഹാരമായി പനങ്കാവിനു സമീപം ഒരു ശിവക്ഷേത്രം നിർമ്മിക്കാൻ തീരുമാനമായി.

അങ്ങനെ ക്ഷേത്രനിർമ്മാണം തുടങ്ങിയ എ.ഡി.825 ചൈത്രമാസം ഒന്നാം തീയതിയിൽ ഒരു പുതുവർഷം ആരംഭിക്കുവാൻ തീരുമാനമായി.അങ്ങനെ കൊല്ലം പട്ടണത്തിൽ തുടങ്ങിയ പുതുവർഷം കൊല്ലവർഷമായി.എല്ലാവർഷവും മേടം ഒന്നാം തീയതി സൂര്യൻ പനങ്കാവിന് അഥവാ കൂനമ്പായിക്കുളത്തിന് നേർ മുകളിലായി 90° കോണളവിൽ എത്തുന്നത് ഇതു ശരിവയ്ക്കുന്നു.കാലത്തെ അതീജീവിച്ച് മാലോകർക്ക് മംഗളം ചൊരിഞ്ഞ് കൂനമ്പായിക്കുളം ക്ഷേത്രം നിലനിൽക്കുന്നു.

കൂനമ്പായിക്കുളം പദോൽപത്തി

 

കൂനമ്പായിക്കുളത്തെ ദേവീസാന്നിദ്ധ്യത്തിന് നൂററാണ്ടുകൾ പഴക്കമുണ്ട്.ചേരൻമാരുടെ യുദ്ധദേവതയായിരുന്ന കൊറ്റവൈയുടെ മേൽക്കൂരയില്ലാത്ത ക്ഷേത്രമായിരുന്നു ഇവിടം.പിന്നീടുണ്ടായ തകർച്ചയ്ക്കും ആക്രമണങ്ങൾക്കും ശേഷം ഇത് പനങ്കാവ് ക്ഷേത്രം എന്നറിയപ്പെട്ടു.വേണാട്ടു രാജാക്കൻമാരുടെ ഭരദേവതയായിരുന്നു പനങ്കാവമ്മ. അന്ന് കൊല്ലം പട്ടണത്തിൻറെ ഒരു ദിവസം തുടങ്ങുന്നത് പനങ്കാവിലമ്മയെ തൊഴുതുകൊണ്ടാണ്.ക്ഷേത്രത്തിനു ചുറ്റുമായി പനങ്കാവ് കോട്ടയും കൊട്ടാരവും കടലിനാൽ ചുറ്റപ്പെട്ടുണ്ടായിരുന്നു. എ.ഡി.1681ലെ ഡച്ചാക്രമണത്തോടെ ഈ ക്ഷേത്രവും തകർന്നു പോയി.എങ്ങനെയോ കടലിൻറെ ഭാഗവും വറ്റിമാറി. വർഷങ്ങൾക്കുശേഷം ഈ പ്രദേശത്ത് ഭദ്രകാളിയുടെ ഒരു കാവ് നിർമ്മിക്കപ്പെട്ടു.അന്ന് കാവിനു മുമ്പിൽ വിശാലമായ ഒരു കുളമുണ്ടായിരുന്നു. കൂരമ്പ എന്നും അറിയപ്പെട്ടിരുന്ന ഭദ്രകാളിയുടെ ഈ കാവ് അങ്ങനെ കൂരമ്പക്കാവ്കുളം എന്ന് വിളിക്കപ്പെട്ടു.കാലാന്തരത്തിൽ കൂരമ്പക്കാവ് കുളം എന്നത് കൂനമ്പക്കാവ് കുളം എന്നും പിന്നീട് കൂനമ്പായിക്കുളം ആയി മാറി എന്നും കരുതുന്നു.കൊല്ലത്തെ കൂനമ്പായിക്കുളവും കൊടുങ്ങല്ലൂരിലെ ഭഗവതി ക്ഷേത്രവും കോഴിക്കോട്ടെ പിഷാരിക്കാവും പണികഴിക്കപ്പെട്ടത് ഏതാണ്ട് ഒരേ കാലത്താണ്.കേരളത്തിൻറെ സാംസ്കാരിക ചരിത്രത്തിൽ ഈ മൂന്ന് ക്ഷേത്രങ്ങൾക്കും പ്രധാന സ്ഥാനമാണുള്ളത്. ഈ മൂന്ന് ക്ഷേത്രങ്ങളും തുല്യ അകലത്തിൽ സ്ഥിതി ചെയ്യുന്നു.ഇവയ്ക്ക് കടലുമായുള്ള അകലവും തുല്യം തന്നെ.